തിരുവനന്തപുരം: ഭൂപരിഷ്കരണം, പൊതുവിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ നിക്ഷേപം എന്നിവ മുതൽ സാമൂഹ്യ സുരക്ഷയും വികേന്ദ്രീകൃത ആസൂത്രണവും വരെ നീളുന്ന ‘കേരള വികസന മാതൃക’ നിരന്തരമായ നവീകരണത്തിന്റേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച വിഷൻ 2031 അന്താരാഷ്ട്ര കോണ്‍ഫറൻസിൽ ‘മതേതരത്വം, ജനാധിപത്യം, കണ്‍സൾട്ടേറ്റീവ് ഗവണ്മെന്റ്’ എന്ന സമാപന സെഷനിൽ ആമുഖഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
വിപണികൾക്കു മാത്രം സാമൂഹ്യനീതി ഉറപ്പാക്കാൻ കഴിയില്ലെന്നും, മാനവിക വികസനത്തിന് പൊതു ഇടപെടലുകളും ജനാധിപത്യ സ്ഥാപനങ്ങളും കൂട്ടായ മുന്നേറ്റവും അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വരുംകാലത്ത് കേരളത്തിന്റെ എല്ലാ തലങ്ങളിലുമുള്ള വളർച്ചയ്ക്കുള്ള അടിത്തറയാവും ഈ കോണ്‍ഫറൻസിൽ ഉയർന്നുവന്ന ചർച്ചകളും നിർദേശങ്ങളും എന്ന കാര്യത്തിൽ സംശയമില്ല. തുടക്കത്തിൽ വിഭാവനം ചെയ്തതിനേക്കാൾ വലിയ നിലയിലുള്ള ആശയങ്ങൾ മുന്നോട്ടു വയ്ക്കാൻ ഇതിനു കഴിഞ്ഞു.
ഈ സമ്മേളനത്തിന്റെ നിർദേശങ്ങളിൽ തുടർനടപടികൾ എടുക്കാൻ സംസ്ഥാന സർക്കാർ പ്രവർത്തിക്കും. ഇവയിൽ നിയമനിർമാണം ആവശ്യമുള്ള കാര്യങ്ങൾ നിയമനിർമാണ സഭകളുടെ ശ്രദ്ധയിൽ കൊണ്ടുവരും. കൂടുതൽ ഗവേഷണവും പഠനവും ആസൂത്രണവും ആവശ്യമായ കാര്യങ്ങളിൽ വിശദവും ആധികാരികവുമായ റിപ്പോർട്ടുകൾ തയാറാക്കും. നയപരമായ കാര്യങ്ങളിൽ സർക്കാർ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികേന്ദ്രീകരണം എന്നത് പൂർത്തിയായ ഒരു പദ്ധതിയല്ലെന്ന് തിരിച്ചറിയുന്നു. മാറുന്ന സാമൂഹിക-സാന്പത്തിക സാഹചര്യങ്ങൾക്കനുസരിച്ച് ഭരണസംവിധാനങ്ങളും പരിണമിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ, കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമങ്ങളിൽ സമഗ്രമായ നിയമപരിഷ്കാരങ്ങൾ വരുത്തണമെന്ന നിർദേശം ഗൗരവമായി കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശങ്കരനാരായണൻ തന്പി ഹാളിൽ നടന്ന സമാപന സെഷനിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, പ്ലാനിംഗ് ബോർഡ് മെന്പർ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്ദുള്ള, മുൻ ഡൽഹി ഹൈ കോർട്ട് ചീഫ് ജസ്റ്റീസ് എ.പി. ഷാ, ദ ഹിന്ദു ഗ്രൂപ്പ് ഡയറക്ടർ എൻ. റാം, കനിമൊഴി കരുണാനിധി എംപി, സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടർ സയീദ് അക്തർ മിർസ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സണ്‍ പ്രഫ. വി. കെ. രാമചന്ദ്രൻ, സംസ്ഥാന ആസൂത്രണ കമ്മീഷൻ അംഗം ജിജു പി. അലക്സ് എന്നിവർ പ്രസംഗിച്ചു.